Sunday, 30 December 2012

മങ്ങിയ കാഴ്ചകള്‍


കണ്ണുകള്‍ പുറത്തെ കാഴ്ചകളിലും മനസ്സ്‌ കൃത്യമായി പറയാന്‍ കഴിയാത്ത എവിടെയോ.....
ഈ കുറച്ചു മണിക്കൂറുകള്‍ ഒന്ന് വേഗം കടന്നു പോയിരുന്നെങ്കില്‍ .... വീണ്ടും മണലാരണ്യത്തിലേക്ക് , എന്തൊക്കെയോ ചിന്തയില്‍ വരുന്നു... പക്ഷെ... 
അതങ്ങനെയാണ് ചിലപ്പോള്‍ നമുക്ക്‌ തന്നെ മനസ്സിലാകില്ല നാം ഏതു ലോകത്താണെന്ന് ;
അതിനിടയില്‍ ആണ് ഫോണിന്‍റെ ഇരമ്പല്‍, അങ്ങേത്തലക്കല്‍ ഭാര്യ
ഹലോ , ... ആ എന്താണ്
നിങ്ങള്‍ എവിടെ എത്തി ?
ഇപ്പൊ കടവ്‌ റിസോര്‍ട്ട് ടോല്‍ ഗേറ്റ് കഴിഞ്ഞു,
“എന്തേയ്” ... ഊഹും .. ഒരു മൂളല്‍ മാത്രം.... ഒന്നും മിണ്ടാതെ കുറച്ച് സെക്കണ്ടുകള്‍ ....
“മക്കള്‍ എന്തെടുക്കുന്നു” ?
”മോന്‍ സ്കൂളില്‍ പോകാന്‍ നോക്കുന്നു.
മോളെ ഞാന്‍ ഇന്ന് വിട്ടില്ല...
“ഉം .. നന്നായി”
“എല്ലാരും പോയോ” ..?
എന്‍റെ ഉമ്മ ഒഴിച്ച് എല്ലാരും പോയി ...

താന്‍ ഇറങ്ങി മിനിട്ടുകല്‍ക്കുള്ളില്‍ ഒറ്റപ്പെട്ടിരിക്കുന്നു....!!!

എന്തായാലും എപ്പോള്‍ പോകുമ്പോഴും എല്ലാരും തലേന്ന് തന്നെ വരും, സന്തോഷത്തോടെ എല്ലാരും കൂടി ഒരു ദിവസം കഴിയും, അല്ലെങ്കില്‍ എന്നാണു അവധിക്ക് വരുമ്പോള്‍ സന്തോഷം ഇല്ലാത്തത്‌, ഈ ഒരു ദിവസം ഒഴിച്ച്, തന്‍റെ പെങ്ങന്മാരും ഉമ്മയും ഒക്കെ പോയിക്കാണും, എല്ലാവരും ഇന്നലെ വൈകീട്ട് വന്നതാണ്, മക്കള്‍,അവരുടെ സ്കൂള്‍ , അവരവരുടെ വീടുകള്‍..... ......... 

“മക്കള്‍ എന്ത് പറയുന്നു, ? “മോള്ക്ക് ‌ എന്തോ... മുഖത്ത ഒരു വാട്ടം പോലെ , ഒന്നും പറഞ്ഞില്ല .... നിങ്ങള്‍ പോയി കുറെ നേരം കോലായില്‍ നിന്നു, ചായ കൊടുത്തിട്ട് ഇത് വരെ കുടിച്ചില്ല,
മോനോ ? “
മോന്‍.. ...................... ...ഇന്ന് ന്താന്നറിയില്ല ഞാന്‍ പറയാണ്ട് തന്നെ സ്കൂളില്‍ പോകാന്‍ റെഡി ആയി നിക്കുന്നു.
“ഞാന്‍ വെയ്ടിംഗ് ഹാളില്‍ ഇരിക്കുമ്പോള്‍ വിളിക്കാം”
ആര്‍ക്കോ ഒരു മരുന്ന് വാങ്ങാന്‍ ഉണ്ടെന്നു പറഞ്ഞില്ലേ , ,,വാങ്ങിയോ ?
"ഇല്ല , കടകള്‍ ഒക്കെ തുറക്കുന്നത്തെ ഉള്ളു, ഇല്ല മറക്കില്ല ...സഹ മുറിയന്‍ ഒരു മരുന്ന് വാങ്ങി കൊണ്ട് പോകാന്‍ ഏല്പിച്ചിരുന്നു,
ന്നാ വെക്കട്ടെ ...
ഉം ....

മുന്‍പൊക്കെ മൂന്നും നാലും മണിക്കൂര്‍ മുമ്പേ എയര്പോര്‍ട്ടില്‍ എത്തി കാത്തിരിക്കുമായിരുന്നു, ഇപ്പോള്‍ ഏറിയാല്‍ അര മണിക്കൂര്‍ മുന്പ്‌ , മരുന്ന് വാങ്ങാല്‍ അലഞ്ഞു കുറച്ചു വൈകുകയും ചെയ്തു, എമിരേറ്റ്സ് ആണ് , ഒരു മിനുറ്റ് മുന്‍പല്ലാതെ വൈകുന്ന 
പ്രശ്നമേ ഇല്ല ...! 
എമിഗ്രേശന്‍ ലൈനില്‍ ഒന്നൊന്നര തിരക്ക്‌,.. ഫ്ലൈറ്റ് പറന്നുയരാന്‍ ഇനി വെറും മുക്കാല്‍ മണിക്കൂര്‍ മാത്രം, പെട്ടെന്ന് എല്ലാര്‍ക്കും ഒരു വിളി പാസാക്കി.

എല്ലാ ചടങ്ങുകലും തീര്‍ത്ത്‌ ‌, ഓടി വെയിടിംഗ് ഹാളില്‍ എത്തുമ്പോഴേക്കും പകുതി ആളുകള്‍ വിമാനത്തില്‍ കയറി കഴിഞ്ഞു...!
വിന്ഡോ് സീറ്റ് തന്നെ , ഇനി വെറും പത്ത്‌ മിനുറ്റ് മാത്രം, വെറുതെ പുറത്തേക്കു നോക്കി, കാഴ്ചകള്‍ ഒന്നും മനസ്സിലേക്ക് കയറുന്നില്ല... ടീവിയില്‍ ഫോര്‍വേര്‍ഡ്‌ ക്യാമറയിലൂടെ ഫ്ലൈറ്റിനു മുന്നിലെ ദ്രിശ്യങ്ങള്‍ . .., മുന്നേ ഇറങ്ങിയ ആള്‍ സെറ്റ് ചെയ്തു കണ്ടതായിരിക്കാം, ഞാന്‍ ഓര്‍ത്തു, ഏതാണ്ട് ഒരു മണിക്കൂര്‍ മുന്‍പ്‌ ഇതേ സീറ്റില്‍ ഒരാള്‍, ഒരു പാട് കാലത്തെ കാത്തിരിപ്പിനു ശേഷം സന്തോഷത്തോടെ, യാത്ര ചെയ്തു പ്രിയപ്പെട്ടവരുടെ അടുത്തേക്ക് വന്നു ചെര്‍ന്നിട്ടുണ്ടാവില്ലേ ഇപ്പോള്‍, അതേ സീറ്റില്‍ ഞാനോ..? 
രണ്ടു വിത്യസ്ത ചിത്രങ്ങള്‍ ..!!!!
പൈലറ്റ് പറയുന്നു, നമ്മള്‍ പൊങ്ങാന്‍ പോകുകയാണ്, ആര് ശ്രദ്ധിക്കുന്നു...! ഇതിനേക്കാള്‍ സീരിയസ്സ് ആയ അപകട മുന്‍ കരുതല്‍ നിര്‍ദേശങ്ങള്‍ പോലും ആരും ശ്രദ്ധിച്ചില്ല ..

എല്ലാ മുഖത്തും നിസംഗത മാത്രം.

അടിവയറ്റില്‍ നിന്നും ഒരു ആന്തല്‍, പറന്നുയര്‍ന്നു വിമാനം...... 
അങ്ങ് താഴെ അതാ ഒരു ചെറു പൊട്ടു പോലെ എന്‍റെ പ്രിയപ്പെട്ട നാട്, ഇപ്പോള്‍ ഒന്നും വ്യക്തമല്ല .... കണ്ണുകള്‍ നിറഞ്ഞാല്‍ എങ്ങനെ കാഴ്ചകള്‍ വ്യക്തമാകും ... 
എല്ലാം മങ്ങിയ കാഴ്ചകള്‍ മാത്രം ....

കോളേജ്‌ പഠിത്തം


പത്താം ക്ലാസ്സിനു ശേഷം തൊണ്ണൂറുകളിലെ ടിപ്പിക്കല്‍ മല്ലു സ്റ്റുഡന്‍സ് ഒപ്ഷന്‍ ആയ പ്രീഡിഗ്രീക്ക്   പകരം തൊഴില്‍ അധിഷ്ഠിതമായ എന്തെങ്കിലും പഠിച്ചു, പെട്ടെന്ന് തന്നെ തൊഴില്‍ മേഖലയിലേക്ക ചാടാന്‍  വേണ്ടി കൊയിലാണ്ടിയിലെ ഐ ടി ഐ എന്ന സ്ഥാപനത്തില്‍ പ്രൈവറ്റായി രണ്ടുവര്‍ഷത്തെ ഒരു കോഴ്സിനു ചേര്‍ന്നു. മോശമാക്കിയില്ല, ഉള്ളതില്‍ വെച്ച് നല്ല യമണ്ടന്‍ സാദനം തന്നെ സെലെക്റ്റ് ചെയ്തു, ഇലക്ട്രോണിക്ക് ആന്റ്  ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്...!  പറയാന്‍ നല്ല ഗമയും എന്നാല്‍ പഠിക്കാന്‍ തലയില്‍ ഒരു ആള്‍ക്കൂട്ടം തന്നെ ആവശ്യവും ഉള്ള ഒരു സംഭവം ....

ക്ലാസ്സ്‌ തുടങ്ങി രണ്ടു മാസം ആയപ്പോഴേക്കും വലിയ അല്ലല്‍ ഇല്ലാത്ത വിഷയങ്ങളോ പ്രക്ട്ടിക്കാലോ ആണങ്കില്‍ മാത്രം ക്ലാസ്സില്‍ മുഖം കാണിക്കും. ന്യൂ ഹോട്ടലില്‍ നിന്നും ചായ വിത്ത്‌ കടി അല്ലങ്കില്‍ ഒരു നാരങ്ങ സോഡാ പിന്നെ സമുദ്ര നെറ്റ്സിന്റെ മുന്ളിപിലത്തെ ഭജനമഠം ഷോര്‍ട്ട് ആയ കറുത്ത ഇരുണ്ട വഴിയില്‍ നിന്ന് ആത്മാവിനു പുക കൊടുക്കല്‍,  സമാന്തര വിദ്യാഭ്യാസ സ്ഥാപനം അഥവാ  പാരലല്‍ കോളേജ്‌ എന്നീ ഗണത്തില്‍ പെടുന്ന ‘ടാഗോര്‍ കോളേജിലെ തരുണീമണികള്‍ക്ക് മലരമ്പുകള്‍ എയ്യുക എന്നിവയാണ് ഞങ്ങളുടെ ഇടവേളകളെ  ആനന്ദകരമാക്കിയിരുന്നത്. (സെന്റന്‍സ്  നാഷണല്‍ ഹൈവേ പോലെ നീണ്ടു പോയി... )ഹവ്വവര്‍, ഇന്സ്ടിട്യൂട്ട് ലൊക്കേഷന്‍ എന്ന് പറയുമ്പോള്‍ മുബാറക്ക്‌ റോഡില്‍,പഴയ ഇന്ഫോട്ടെക്കിന്റെ തൊട്ടടുത്ത്‌,. ഇന്ഫോറെക്കില്‍ മന്‍ജൂ-കാവ്യ-ഭാവന ലുക്കുള്ള ധാരാളം പെണ്‍പിള്ളേര്‍ കമ്പ്യൂട്ടര്‍ എന്ന ആ കാലത്തെ ഹൈലി എക്സ്പ്ലോസീവ് ആന്‍ഡ്‌ എക്സ്പെന്‍സീവ് ഐറ്റം പഠിക്കാന്‍ വരുന്നണ്ടെങ്കിലും ഞങ്ങളെ കണ്ടാല്‍ ഇംഗ്ലീഷ്‌മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ നോക്കുന്ന മാതിരി ആയിരുന്നു, അവിടെ പഠിക്കുന്ന ആണ്‍-പെണ്‍  വിത്യാസമില്ലാതെ എല്ലാത്തിനും ഞങ്ങള്‍ അതിനകത്ത് നിന്നും ‘വലിയ ഒരു സംഭവം’ ആണ് പഠിക്കുന്നതന്ന വിചാരം വേറെ, ഞങ്ങള്‍ പറഞ്ഞു, ജാഡ തെണ്ടികള്‍...!..... 

ബൈ ദി ബൈ ഇനി ട്വിസ്റ്റ്, ടാഗോര്‍ കോളേജിലെ ഫിസിക്സ് ഹെഡ്ഡ് പുളിയഞ്ചേരിക്കാരനായ മോഹന്‍മാഷ്‌ ഞങ്ങളുടെ പ്രിന്സിയുമായുള്ള ഒരു ഉഭയകക്ഷി കരാറില്‍ ഇന്സ്ട്ടിടുട്ടില്‍ ഒരു ‘വിസിറ്റിംഗ് പ്രൊഫസ്സര്‍’ പോസ്റ്റില്‍ ജോയിന്‍ ചെയ്തു,  അതോടെ വേണമെങ്കില്‍ മാഷിന്റെ സമയം ‘തെളിഞ്ഞു’ എന്നും പറയാം ..!! അപ്പോഴേക്കും ഞങ്ങളില്‍ പലരും ടാഗോര്‍ കോളജിലേക്ക് വലിച്ച “ലൈനുകളില്‍” പലതിലും കരണ്ട് പാസ്സ് ചെയ്തു തുടങ്ങി കഴിയുകയും അതിന്‍റെ ആഫ്ടര്‍ ഇഫക്റ്റ്‌ ആയി അവിടുത്തെ ആണ്‍പിള്ളേരില്‍  കലിപ്പ് ഇളകുകയും ചെയ്തു. അറിഞ്ഞത് വെച്ച്‌ ഒരു ഫിഫ്റ്റി കളി ഫിഫ്റ്റി കാര്യം ലെവലില്‍ മോഹന്‍മാഷ്‌  ഞങ്ങളോട് ഒന്ന് കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍, എല്ലാ ബഹുമാന-ആദരവോടും കൂടി അത് കേള്‍ക്കുകയും പൂര്‍വ്വാധികം  ശക്തിയില്‍ (ഇതിനെ തനി നാട്ടുഭാഷയില്‍ രക്തതിളപ്പു-എല്ലിന്റെ ഉള്ളിലെ കുത്തല്‍ എന്നൊക്കെ വിളിച്ചു പോരുന്നു) തന്നെ ‘കാര്യങ്ങള്‍’ മുറക്ക് മുന്നോട്ടു കൊണ്ട് പോയി, കുറ്റം പറയരുതല്ലോ അവിടുത്തെ പെണ്‍പിള്ളേര്‍ക്കാണെ  ലവന്മാരെ ഒരു അര മൈണ്ടും ഇല്ലായിരുന്നു.  ഞങ്ങളോട് കട്ടക്ക് കട്ടക്ക് നിന്നു പകരം വീട്ടാന്‍ ഞങ്ങളുടെ കോളേജില്‍ പെണ്‍കുട്ടികള്‍ ആരും ഒട്ടും പഠിക്കുന്നുമില്ല, പ്രായത്തിന്‍റെ അസ്ഥിതകൊണ്ട് സംഭവം അസ്ഥിക്ക് പിടിച്ചത് കൊണ്ട് ഇടക്ക് ലവന്മാരുമായി ഞങ്ങള്‍ അടി, ഉരസല്‍, തള്ളല്‍, എന്നിത്യാദി സെമി-വയലന്‍സ്‌ വിനോദങ്ങളില്‍ ഏര്‍പ്പെടുക പതിവായിരുന്നു, “വേണെങ്കില്‍ നിന്‍റെ ഒക്കെ കോളജിലും കേറി കളിക്കുമെടാ” എന്ന ഒരു പഞ്ച് ഡയലോഗ് ഞങ്ങളില്‍ പെട്ട ഏതോ ഒരു മഹന്‍ ഇങ്ങനെ നടന്ന ഒരു ക്ലാഷില്‍ പറഞ്ഞത് കൊണ്ട് ഒരു ദിവസം അങ്കവും കാണാം താളിയും പറിക്കാം ലൈനില്‍  അവിടെ കയറി താല്പര കക്ഷികള്‍ക്ക് മുന്നില്‍ ആളായി. 

വീണ്ടും കലിപ്പ്   എനിവേ, ദിസ് ടൈം മോഹന്മാഷ്‌ കുറച്ചൂടെ കംഫര്‍ട്ട് ലെവലില്‍ പ്രിന്‍സി റൂമില്‍ വെച്ചാണ് പഞ്ചായത്ത് സങ്ങടിപ്പിച്ചത്, കിടിയ ചാന്‍സില്‍ “ഇനി ഞങ്ങള്‍ ഒരു കാരണവശാലും അവിടെ കേറാന്‍ പാടില്ല” എന്ന വിഷയത്തില്‍ മാഷ്‌ ഒരു പ്രമേയം തന്നെ  അവതരിപ്പിച്ചു കളഞ്ഞു.. !  അനന്തരം പ്രിന്‍സി, ഫീസടക്കാത്തതിന്റെ പേരില്‍ മാസത്തില്‍ ഒരാഴ്ച ക്ലാസ്സ്‌ കാണാത്ത, ക്ലാസ്സ്‌ തുടങ്ങി കൊല്ലം ഒന്ന് കഴിയാനായിട്ടും ഫീസിന്‍റെ ആദ്യ ഗഡ് പോലും അടക്കാത്ത ഞങ്ങളോട് മാക്സിമം മയത്തില്‍, ഏതാണ്ട് കൊയിലാണ്ടി-വടകര ബസ്സിലെ കിളി വട്ടം കറങ്ങിയ ഓട്ടോക്കാരനോട് പറയുന്ന ഒരു ടോണില്‍ “ഒന്ന് സൈഡിക്കൂടെ പോടെയ്‌” എന്നു മാത്രം പറഞ്ഞു.
 
 

 ടാഗോര്‍ കോളേജിന്റെ ഏറ്റവും മുകളിലെ നിലയില്‍ ഒരു മുറിയില്‍ ഒരു ലേഡീസ്‌ ടയ് ലരിംഗ് ബാക്കി മുറികളില്‍ ക്ലാസ്സ്‌ റൂമും ആയിരുന്നു, അവിടെ പോകാന്‍ ഒരു കാരണം ഉണ്ടാക്കാനാണോ പ്രയാസം?  അന്ന് തന്നെ ഉച്ചക്ക് അവിടെ പോയി, ചുമ്മാ അതും ഇതും ഒക്കെ ചോദിച്ചു, ഇറങ്ങി വരുമ്പോള്‍ വരാന്തയുടെ അറ്റത്ത് മോഹന്‍ മാഷ്‌ ...!  ഞങ്ങളെ കണ്ട മാഷിന്റെ നില്‍പ്പ് ഏതാണ്ട് എല്ലാം നഷ്ടപ്പെട്ട കേരീടത്തിലെ സേതുമാധവന്‍ മാതിരി ആയിരുന്നു,  നിന്നെ ഒന്നും പോയിട്ട് നീ ഒന്നും പഠിക്കുന്ന കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ പാടില്ലായിരുന്നടാ ൭൯൭൯൯൮  എന്നായിരിക്കും മാഷ്‌ അപ്പോള്‍ മനസ്സില്‍ പറഞ്ഞിരിക്കുക...